Friday 2 September 2011

ആരാപ്പോ ഈ ഹസാരേ?


“അല്ല മാഷേ, ആരാപ്പോ ഈ അണ്ണാ ഹസാരേ? കൊറച്ച് ദൂസായിട്ട് ടീവീലും, പേപ്പറിലും ഒക്കെ അങ്ങേരടെ പേരും, പടോം മാത്രേ കാണാന്ള്ളൂ”
 
“ ഇയാള് പാര്‍ട്ടിക്കാരനാ? അല്ല, എപ്പോളും ഖദറിട്ടാ കാണാറ്. തലേല്  ഗാന്ധിതൊപ്പീം ഇണ്ടാവും. അതോണ്ട് ചോദിച്ചതാ.”

“പിന്നെ മാഷേ, ആ വെള്ളത്തൊപ്പീനെ എന്താ ഗാന്ധിതൊപ്പീന്ന് പറയണേ? ഗാന്ധിജി ആ തൊപ്പീം വെച്ച് നിക്കണ ഒരു പടോം ഞാന്‍ ഇത് വരേയ്കും കണ്ടിട്ടില്യാ ട്ടോ.”
“ അല്ലേലും അതല്ലല്ലോ ഇപ്പൊ വല്യ കാര്യം. ഈ അണ്ണന്‍ എന്തോ പാല് കൊണ്ടരാന്‍ വേണ്ടി ഒന്നും തിന്നാണ്ടെ കെടക്കണൂന്ന് കേട്ടു? അതെന്താ മാഷേ ദില്ലീലെ പശൂന്‍റെയൊക്കെ കറവ വറ്റിയോ? ഇങ്ങട്ട് പോരാന്‍ പറ മാഷേ. നമ്മടെ ശങ്കരേട്ടന്‍റെ തൊഴുത്തില്‍ നാല് ജെഴ്സിയല്ലേ നിക്കണേ?.”

“പിന്നെ മാഷേ, വെരോരൂട്ടം കേട്ടതേ, ഈ അണ്ണന്‍ ഗാന്ധീടെ രണ്ടാം ജന്മാത്രേ. പക്ഷേങ്ങില്‍ അയാളെ കാണാന്‍ ഗാന്ധീനെ പോലെ ഒന്നും ഇല്യ. ഒരു വയറന്‍. പിന്നെ ആകെ ഒരേപോലെ ഉള്ളത് തല മാത്രാ. കൊയ്ത്ത് കഴിഞ്ഞ് കെടക്കണ പാടത്തിന്‍റെ ചേല്. ഒരൊറ്റ മുടീല്യ.”

“എന്താ മാഷേ? ഇയാള്‍ ഇങ്ങനെ തിന്നാണ്ടിരിക്കണത് അഴിമതി ഇല്ല്യാണ്ടെ ആക്കാന്‍ ആണ്ന്നോ? അല്ല, ഇയാള് തിന്നാണ്ടെ ഇരുന്നാ എങ്ങന്യാ അഴിമതി കൊറയാ? അയാള്‍ടെ വയറല്ലേ കൊറയൂ?”

“ പിന്നേയ്‌, ഈ അഴിമതി കൊറഞ്ഞാ എന്താപ്പോ ഇണ്ടാവാ? അരീന്റേം പച്ചക്കറീന്റേം വെല കൊറയോ? പൊളിഞ്ഞ് പാളീസായ നമ്മടെ റോഡ്‌ ശെരിയാവോ? ഇക്ക് പൂവാന്‍ നല്ലൊരു സ്കൂള്‍ ഇണ്ടാവോ? ഇല്ല്യാ? പിന്നെപ്പൊ ഈ അഴിമതി കൊറഞ്ഞൂന്ന് വച്ച് എന്താ വിശേഷം? ഈ അണ്ണനെ, നൊസ്സാ. നല്ല അസ്സല്‍ നൊസ്സ്. അത്രന്നെ….”

No comments:

Post a Comment